This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്റ്റല്‍ വയലറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്റ്റല്‍ വയലറ്റ്

മീഥൈല്‍ വയലറ്റ്, ജെന്‍ഷ്യന്‍ വയലറ്റ് എന്നും പേരുകളുള്ള ഒരു ജൈവസംയുക്തം. രാസപരമായി ഇത് ട്രൈഫീനൈല്‍ മീഥൈല്‍ ചായങ്ങളിലൊന്നായ മീഥൈല്‍ റോസാനിലിന്‍ ക്ലോറൈഡാണ്. ഫോര്‍മുല: C25H30Cl N3. സരംചനാ ഫോര്‍മുല:

ചിത്രം:Page418_scree01.png‎


പാരാറോസാനിലിന്റെ ഒരു വ്യുത്പന്നമാണിത്. മിച്ച് ലേഴ്സ് കീറ്റോണ്‍ (CH3)2 N – C6H4 – CO – C6H4 – N (CH3)2 ; ഡൈ മീഥൈല്‍ അനിലിന്‍ C6H5 N (CH3)2എന്നിവയെ ഫോസ്ഫോറില്‍ ക്ലോറൈഡിന്റെ സാന്നിധ്യത്തില്‍ ചൂടാക്കിയും കാര്‍ബോണില്‍ ക്ലോറൈഡ് (COCl2), ഡൈമീഥൈല്‍ അനിലിന്‍ എന്നിവ ചേര്‍ത്തു ചൂടാക്കിയും ക്രിസ്റ്റല്‍ വയലറ്റ് നിര്‍മിക്കാം.

വീര്യം കുറഞ്ഞ അമ്ലലായനിയില്‍ ക്രിസ്റ്റല്‍ വയലറ്റിനു കടുത്ത ഊതനിറവും വീര്യമുള്ള അമ്ളലായനിയില്‍ പച്ചനിറവും അത്യധികം വീര്യമുള്ള അമ്ലലായനിയില്‍ മഞ്ഞനിറവും ആണുള്ളത്. അമ്ലത്തിന്റെ വീര്യം കൂടുന്ന മുറയ്ക്ക് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് പ്രോട്ടോണുകള്‍ ക്രിസ്റ്റല്‍ വയലറ്റിന്റെ തന്മാത്രയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നതുമൂലമാണ് ഈ നിറഭേദങ്ങള്‍ ഉണ്ടാകുന്നത്. സാധാരണ ഊഷ്മാവില്‍ ഇളംപച്ചനിറമോ തിളങ്ങുന്ന പച്ചനിറമോ ഉള്ള പൊടിയായാണ് ക്രിസ്റ്റല്‍ വയലറ്റ് ഇരിക്കുന്നത്. സാമാന്യം വിഷവീര്യമുള്ള ഈ വസ്തു വൈദ്യശാസ്ത്രരംഗത്ത് വ്യാപകമായി ഉപയോഗിച്ചുവരുന്നു. ജെന്‍ഷ്യന്‍ വയലറ്റെന്ന പേരിനാണ് ഈ രംഗത്ത് കൂടുതല്‍ പ്രചാരം.

ക്രിസ്റ്റല്‍ വയലറ്റിന്റെ ഒരു ശതമാനം ജലലായനി ബാക്റ്റീരിയങ്ങളെ നശിപ്പിക്കുന്നതിനുവേണ്ടി പൊള്ളലുകളിലും മുറിവുകളിലും പുരട്ടുന്നു. പുഴുക്കടിക്കു കാരണക്കാരായ കവകങ്ങളെ നശിപ്പിക്കാനും ഇതിനു കഴിവുണ്ട്. മനുഷ്യരുടെ ഉദരത്തിലുള്ള സ്ട്രോംഗിലോയ്ഡ് ഓക്സിയൂറിസ് തുടങ്ങിയ ഇനം വിരകളെ നശിപ്പിക്കാന്‍ ഇതുപയോഗിക്കാം. പെന്‍സിലുകള്‍ നിര്‍മിക്കാനും, ആല്‍ക്കഹോള്‍ ഡീനേച്ചര്‍ ചെയ്യാനും തുണി ചായംപിടിപ്പിക്കാനും ഇതുപയോഗിച്ചു വരുന്നു. നല്ലൊരു അമ്ലക്ഷാര സൂചകമാണിത്. ജൈവശാസ്ത്ര ഗവേഷണങ്ങളില്‍ ഒരു അഭിരഞ്ജക(stain)മായും ഇത് ഉപയോഗിക്കാറുണ്ട്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍